കടുത്തുരുത്തി: ജനപക്ഷത്തുനിന്നു ജനങ്ങള്‍ക്കു വേണ്ടി വാദിക്കുന്നവരും ജനകീയ വിഷയങ്ങളില്‍ നീതിപൂര്‍വവും നിഷ്പക്ഷവുമായി നിലപാട് സ്വീകരിക്കുന്നവരുമാകണം ജനപ്രതിനിധികളെന്ന് നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. കടുത്തുരുത്തിയുടെ പ്രതിനിധിയായി നിയമസഭയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ജലവിഭവ, ഭവനനിര്‍മാണ വകുപ്പ് മന്ത്രി മോന്‍സ് ജോസഫിന് കടുത്തുരുത്തിയില്‍ നല്കിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാതൃകാ പൊതുപ്രവര്‍ത്തകനും മാതൃകാ ജനപ്രതിനിധിയുമാണ് മോന്‍സ് ജോസഫെന്നും മുമ്പുണ്ടായിരുന്ന ജനകീയരായ നേതാക്കളുടെ പ്രതിരൂപവും എന്നാല്‍ അവരെക്കാള്‍ ഒരുപടി മുന്നില്‍ നില്ക്കുന്ന ജനനേതാവുമാണ് മോന്‍സ് ജോസഫെന്നും സ്പീക്കര്‍ പറഞ്ഞു.
യുഡിഎഫ് കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമ്മേളനത്തില്‍ നിയമസഭയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ മോന്‍സ് ജോസഫിന് സുപ്രീംകോടതി മുന്‍ ജസ്റ്റീസ് സിറിയക് ജോസഫ് പുരസ്കാരം സമ്മാനിച്ചു. കെ. ഫ്രാന്‍സീസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തി. കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ യുഡിഎഫ് ചെയര്മാന് ലൂക്കോസ് മാക്കീല്‍ അധ്യക്ഷത വഹിച്ചു.
കടുത്തുരുത്തി സ്വന്തം കുടുംബമാണെന്നും ഇവിടെനിന്നു ലഭിക്കുന്ന അംഗീകാരത്തിനും ആദരവിനും നാടിനോടും നാട്ടുകാരോടും കടപ്പെട്ടിരിക്കുന്നുവെന്നും നാടിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുമെന്നും മറുപടി പ്രസംഗം നടത്തിയ മന്ത്രി മോന്‍സ് ജോസഫ് പറഞ്ഞു. കടുത്തുരുത്തി മണ്ഡലത്തിലെ 11 പഞ്ചായത്തുകളില്‍ നിന്നുള്ള ജനപ്രിതിനിധികള്‍, കടുത്തുരുത്തി വലിയപള്ളി വികാരി ഫാ. ജോണ്സണ് നീലനിരപ്പേല്‍, താഴത്തുപള്ളി വികാരി ഫാ. ജോണ്‍ പാളിത്തോട്ടം, സാമൂഹിക, സാംസ്കാരിക, സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.